പ്രിയപ്പെട്ട പ്രവാസി സംഘടനാ ഭാരവാഹികളെ ,
കാലവർഷക്കെടുതികളെ തുടർന്ന് കേരളത്തിലെ വ്യത്യസ്ഥ പ്രദേശങ്ങളിൽ ജനങ്ങൾ അതീവ പ്രയാസത്തിലാണെന്ന വിവരം അറിയുമല്ലോ. ദുരിതാശ്വാസ രംഗത്ത് പാർട്ടി പ്രവർത്തകർ സജീവമായിട്ടുണ്ട്. താൽക്കാലിക ക്യാമ്പുകൾ സംഘടിപ്പിച്ചും, ഭക്ഷണം, കുടിവെള്ളം, വസ്ത്രം, ശയ്യോ പകരണങ്ങൾ എന്നിവ നൽകിയും ആണ് റിലീഫ് പ്രവർത്തനം പുരോഗമിക്കുന്നത്. ഈ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പരിമിധി പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വെള്ളം ഇറങ്ങിക്കഴിഞ്ഞാലും ധാരാളം സേവന പ്രവർത്തനങ്ങൾ നമുക്ക് സംഘടിപ്പിക്കേണ്ടതായി വരും. ഇതിന് ആവശ്യമായ പിൻബലം പ്രവാസി സംഘടനകളുടെ ഭാഗത്ത് നിന്ന് അടിയന്തിരമായി ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു.
അഭിവാദ്യങ്ങളോടെ
കെ.എ. ഷെഫീക്ക്
ജനറൽ സെക്രട്ടറി.

 

ദുരിത ബാധിതകര്‍ക്ക് ആത്മിശ്വാസം നല്‍കുന്ന സമഗ്ര പുനരധിവാസ പാക്കേജ് വേണം : ഹമീദ് വാണിയമ്പലം
മലപ്പൂറം : പ്രകൃതി ക്ഷോഭത്തില്‍ ദുരന്തം അനുഭവിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കുന്ന സമഗ്ര പുനരധിവാസ പാക്കേജ് വേണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. കനത്ത മഴയും ഉരുള്‍പൊട്ടലും നാശം വിതച്ച നിലമ്പൂര്‍ താലൂക്കിലെ ചെട്ടിയാമ്പാറ അടക്കമുള്ള വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. നിരവദി കുടുംബങ്ങളുടെ ഭൂമിയടക്കം സമ്പൂര്‍ണ്ണമായി നഷ്ടമായിട്ടുണ്ട്. ഭാഗികമായോ പൂര്‍ണമായോ വീടുകള്‍ തകര്‍ന്നവരുമുണ്ട്. സുരക്ഷ ഭീഷണിയുള്ളതിനാല്‍ ഭാഗികമായി വീട് തകര്‍ന്ന പലര്‍ക്കും പഴയ സ്ഥലത്തേക്ക് പോകാനാവില്ല. ദുരന്തത്തിന്റെ കണക്കെടുപ്പില്‍ ഇത്തരം സുരക്ഷാ ഭീഷണിയുള്ള പ്രദേശങ്ങള്‍ സാധാരണ വരാറില്ല. ആ പ്രശ്‌നം പരിഹരിക്കണം. സര്‍ക്കാരും വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും നടത്തുന്ന അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. എരുമമുണ്ട, പെരുമ്പത്തൂര്‍, നമ്പൂരിപ്പെട്ടി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളും വീടുകള്‍ തകര്‍ന്ന പ്രദേശങ്ങളും ഹമീദ് വാണിയമ്പലത്തിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി പ്രതിനിധി സംഘം സന്ദര്‍ശിച്ചു. അദ്ദേഹത്തോടൊപ്പം മലപ്പുറം ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ്, വൈസ് പ്രസിഡന്റ് മുനീബ് കാരക്കുന്ന്, നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഹമീദ്, മണ്ഡലം സെക്രട്ടറി വാഹിദ്, മജീദ ഏറനാട്, ഇല്യാസ്, സാജീദ്, എഫ്.ഐ.ടിയു സംസ്ഥാന സെക്രട്ടറി തസ്ലിം മമ്പാട് തുടങ്ങിയവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.